തൃശൂർ: അപകീർത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയെ ജാമ്യത്തിൽ വിട്ടയച്ചു. സോഷ്യൽ മീഡിയായിലൂടെ ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിലാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെ തൃശൂർ സിറ്റി സൈബർ പൊലിസ് അറസ്റ്റ് ചെയ്തത്.
കേസന്വേഷണത്തിന്റെ ഭാഗമായി ധന്യയുടെ മൊബൈൽ ഫോൺ പൊലിസ് കസ്റ്റഡിയിലെടുത്തു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്നും പൊലിസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം തന്റെ കുടുംബത്തെ ഉൾപ്പെടെ അധിക്ഷേപിച്ചതുകൊണ്ടാണ് വീഡിയോ ചെയ്യേണ്ടി വന്നതെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും ധന്യ വ്യക്തമാക്കി. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.